| |
സത്യവേദപുസ്തകം |
St. Mary's Indian Orthodox Church Northern Virginia |
|
| Home | Resources | Lectionary | Church Calendar | About Us | Contact Us | ||
|
പുസ്തകങ്ങൾ
ഉല്പത്തി പുറപ്പാട് ലേവ്യർ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവ് എസ്ഥേർ ഇയ്യോബ് സങ്കീര്‍ത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവ് വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നഹൂം ഹബക്കൂക്‍ സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപാട് |
ദാനീയേൽ 21 നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി. 2 രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു. 3 രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു. 4 അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു. 5 രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും, 6 സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ. 7 അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു. 8 അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി. 9 നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും. 10 കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. 11 രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല. 12 ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു. 13 അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. 14 എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു. 15 രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക്ക് ദാനീയേലിനോടു കാര്യം അറിയിച്ചു; 16 ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു. 17 പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു 18 ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു. 19 അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു: 20 ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ. 21 അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു. 22 അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു. 23 എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു. 24 അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു. 25 അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു. 26 ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു. 27 ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല. 28 എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു: 29 രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു. 30 എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു. 31 രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. 32 ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും 33 കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു. 34 തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു. 35 ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു. 36 ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം. 37 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു. 38 മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ. 39 തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും. 40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും. 41 കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും. 42 കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും. 43 ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. 44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും. 45 കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു. 46 അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു: 47 നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു. 48 രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവെച്ചു. 49 ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.
|
ദാനീയേൽ 1 2 3 4 5 6 7 8 9 10 11 12 |
| Problems? Comments? Please send email to: Web Team, St. Mary's Indian Orthodox Church, Northern Virginia |